Headlines

കൂട്ടുകാർ നൽകിയ വെള്ളം കുടിച്ചതും മയങ്ങി, 22 കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7 നാണ് സംഭവം. നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ട് ബലമായി വിവാഹം കഴിപ്പിച്ചു. വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തന്നെ ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് 22 കാരൻ പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും നിതീഷ് കുമാറിനെ ഇവർ രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവാവിന്‍റെ പരാതി. തന്നെ തട്ടിണ്ടുപോയവർ മയക്കമരുന്ന് നൽകിയെന്നും ഒരു വീഡിയോ ബലമായി എടുത്തെന്നും നിതീഷ് ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹ ചടങ്ങിന്റെ വീഡിയോയിൽ നിതീഷ് തലകറങ്ങി വീഴുന്നതും മാല മാറ്റുന്ന ചടങ്ങിനിടെ കൈകൾ ഉയർത്താൻ ബുദ്ധിമുട്ടുന്നതും കാണാം.

അതിനിടെ മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബവും പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. പട്ടോരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചക്രജ് അലി ഗ്രാമത്തിലെ താമസക്കാരനായ നിതീഷ്, കുന്ദൻ രാജ്വൻഷി, രാഹുൽ എന്നിവരാണ് നിതീഷിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply