Headlines

കുവൈത്തിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് തുടരും: കാലാവസ്ഥാ വകുപ്പ്

ശനിയാഴ്ച വരെ കുവൈത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും പൊടിക്കാറ്റും ഉണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽഅലിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണെന്നും ഇത് ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡവും മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും സൃഷ്ടിക്കുമെന്നും പറഞ്ഞു. ഈ കാറ്റ് മണിക്കൂറിൽ 20 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘നിലവിലുള്ള സാഹചര്യങ്ങൾ പൊടിപടലങ്ങൾ ഉയർത്തും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ, ചിലപ്പോൾ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയ്ക്കും’ അൽഅലി പറഞ്ഞു. തീവ്രമായ കാറ്റും പൊടിക്കാറ്റും പരമാവധി താപനിലയിൽ ഏകദേശം നാല് മുതൽ ആറ് ഡിഗ്രി സെൽഷ്യസ് വരെ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദ്ര സ്ഥിതി വഷളാകുമെന്നും തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ പൊതുവെ പകൽ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞ അവസ്ഥയായിരിക്കുമെന്നും അൽഅലി പറഞ്ഞു. വൈകുന്നേരങ്ങളിൽ പൊടിപടലങ്ങൾ ക്രമേണ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പകൽ സമയത്തെ പരമാവധി താപനില 43°C നും 46°C നും ഇടയിലായിരിക്കുമെന്നും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 30°C നും 33°C നും ഇടയിലായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ദൂരക്കാഴ്ച കുറയുന്നതിനാൽ ഹൈവേകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉയർന്ന തിരമാലകൾ കാരണം കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ആസ്ത്മയോ അലർജിയോ ഉള്ള വ്യക്തികൾ പുറത്തേക്ക് പോകുമ്പോൾ മാസ്‌കുകൾ ധരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply