റമസാനിൽ കുവൈത്തിലെ മസ്ജിദുകൾക്കു വെളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചു. അഞ്ചു നേരത്തെ നമസ്കാരങ്ങൾക്കും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും ആരാധനാലയങ്ങൾക്കു പുറത്ത് ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മതകാര്യമന്ത്രാലയം കർശന നിർദേശം നൽകി.
ബാങ്കു വിളിക്കു മാത്രമേ പുറത്തെ മൈക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. നമസ്കാരത്തിനിടയിലെ ഖുർആൻ പാരായണവും പ്രസംഗങ്ങളും പള്ളിക്കുള്ളിലെ സ്പീക്കറുകളിൽ മാത്രം കേൾപ്പിക്കാം. ജനവാസ മേഖലകളിൽ ശബ്ദമലിനീകരണം ഒഴിവാക്കാനാണിത്.
നമസ്കരിക്കുമ്പോൾ ഇമാമുമാർ മൊബൈൽ നോക്കി ഖുർആൻ പാരായണം ചെയ്യുന്നതും പള്ളികളിൽ നേരിട്ട് പണം പിരിക്കുന്നതും നിരോധിച്ചു. സംഭാവനകൾ അംഗീകൃത ജീവകാരുണ്യസംഘടനകളുടെ ഡിജിറ്റൽ ചാനലുകൾ വഴി മാത്രമേ നൽകാവൂ എന്നാണു നിർദേശം.

