കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയെ മർദിച്ച പ്രധാനാധ്യാപകന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റി ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് വീഴ്ച സ്ഥിരീകരിച്ചത്. ‘കുട്ടികൾക്ക് മാനസിക പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികൾ അധ്യാപകരോ മാനേജ്‌മെന്റോ ഒരിക്കലും നടത്തരുത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമാകണം,’ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് ഹെഡ്മാസ്റ്റർ മർദിച്ചത്. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാൽ കൊണ്ട് നീക്കിയെന്ന കാരണത്താലാണ് കുട്ടിയെ മുന്നിലെത്തിച്ച് കോളറിൽ പിടിച്ചു മുഖത്ത് അടിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. അടിയേറ്റ് വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

