കാഴ്ചപരിമിതർക്കായി ബസുകൾ തിരിച്ചറിയാനും സുരക്ഷിതമായി യാത്ര ചെയ്യാനും സഹായിക്കുന്ന ‘ഓൺബോർഡ്’ സംവിധാനം ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.
ഡൽഹി ഐഐടിയുമായി ചേർന്ന് വികസിപ്പിച്ച ഈ ഉപകരണം ബസിന്റെ മുൻവശത്ത് സ്ഥാപിച്ച സെൻസറുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഉപയോക്താവ് ബട്ടൺ അമർത്തുമ്പോൾ അടുത്തെത്തുന്ന ബസിന്റെ റൂട്ട് നമ്പർ ശബ്ദമായി അറിയാൻ കഴിയുകയും, ബസിൽ കയറണമെങ്കിൽ അതിനും ബട്ടൺ അമർത്താം. അപ്പോൾ കാഴ്ചപരിമിതിയുള്ള ഒരാൾ കയറാനുണ്ടെന്ന സന്ദേശം ബസിൽ ലഭിക്കും. ഇറങ്ങേണ്ട സ്റ്റോപ്പിനടുത്തെത്തുമ്പോഴും, ഉപകരണത്തിലൂടെ അറിയിപ്പ് ലഭിക്കും.
നിലവിൽ 25 ബിഎംടിസി ബസുകളിലാണ് സംവിധാനം പരീക്ഷണാർഥം ഏർപ്പെടുത്തിയിട്ടുള്ളത്. കാഴ്ചപരിമിതരായ 25 പേർക്ക് ഉപകരണം നൽകിയിട്ടുമുണ്ട്. പരീക്ഷണം വിജയകരമായാൽ, പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം അവസാനം നടക്കും.

