മലയാളികളുടെ പ്രിയപ്പെട്ടനടൻ ജയറാം ഇപ്പോൾ തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുകയാണ്. എന്നാൽ തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നുമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ഇപ്പോഴിതാ മറുപടി നൽകിയിരിക്കുകയാണ് ജയറാം.
എന്തുകൊണ്ട് മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. ഞാൻ ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തിലേറെയായി. മനസിന് നൂറ് ശതമാനം തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തത് കൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു ജയറാം പറഞ്ഞു.
തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യംചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വലിയ ക്രെഡിറ്റാണ്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല ജയറാം കൂട്ടിച്ചേര്‍ത്തു. കാളിദാസിനൊപ്പം അഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയറാം ഇക്കാര്യങ്ങൾ പറഞ്ഞത്.

