ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കറെ തയിബ ഭീകരർ കൊല്ലപ്പെട്ടു.സംശകരമായ സാഹചര്യത്തിൽ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടൽ.കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മുസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ മഹാദേവി’ലൂടെ മൂസയ്ക്കു പുറമേ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ 2 ഭീകരരെയും വധിച്ചു. ഇതിൽ ജിബ്രാൻ കഴിഞ്ഞവർഷം ഒക്ടോബറിൽ സോന മാർഗ് തുരങ്കനിർമാണ സ്ഥലത്ത് ഒരു ഡോക്ടർ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.സുലൈമാൻ എന്നും മൂസ ഫൗജി എന്നും അറിയപ്പെടുന്ന ഹാഷിം മൂസ പാക്കിസ്ഥഥാൻ സൈന്യത്തിലെ കമാൻഡോ ആയിരുന്നു.

