കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ഇൻഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്ത്യക്കു പുറമേ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
കാർണി ആദ്യം മുംബൈ സന്ദർശിക്കുമെന്നും തുടർന്ന് ഡൽഹിയിലേക്ക് പോകുമെന്നും അവിടെവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി കൂടിക്കാഴ്ച നടത്തുമെന്നും കനേഡിയൻ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിലെ സന്ദർശന വേളയിൽ കാർണി ഇന്ത്യൻ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കാനഡയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും.

