തലസ്ഥാനത്ത് കനത്ത മഴ. ദില്ലി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂപപ്പെട്ടു. മഴ ശക്തമായതോടെ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഹരിയാന, ചണ്ഡീഗഡ്, ദില്ലി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ മിതമായതോ തീവ്രമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ ഓഗസ്റ്റ് 17 വരെ ഉത്തരാഖണ്ഡിലെ പല ജില്ലകളിലും ഐഎംഡി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ഉണ്ടായ മിന്നൽ പ്രളയം കനത്ത നാശനഷ്ടമുണ്ടാക്കി. പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ്‌റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.

