കണ്ണൂർ ജില്ലയിൽ പടക്കങ്ങൾ, സ്ഫോടക വസ്തുക്കൾ, ഡ്രോണുകൾ എന്നിവയ്ക്ക് ജില്ലാ ഭരണകൂടം ഒരാഴ്ചത്തേക്ക് നിരോധനം പ്രഖ്യാപിച്ചു. മെയ് 11 മുതൽ മെയ് 17 വരെയാണ് നിരോധനം.ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ ഉത്തരവനുസരിച്ച്, ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ലെ വകുപ്പ് 163 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്ന് കലക്ടർ വ്യക്തമാക്കി.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകളുടെ പ്രവർത്തനം നിഷിദ്ധമാണ്. പടക്കങ്ങൾ സ്ഫോടക വസ്തുക്കൾ എന്നിവയുടെ വിൽപനയും വാങ്ങലും ഉപയോഗവും ഈ സമയംപരിധിയിൽ അനുവദനീയമല്ല.
എന്നിരുന്നാലും, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യത്തിനായി ജില്ലാഭരണകൂടത്തിന്റെ വ്യക്തമായ അനുവാദം ലഭിച്ച ഏജൻസികളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
നിരോധനം പൊതു സുരക്ഷയ്ക്കായി ആവശ്യമായ കർശന നടപടിയാണെന്നത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.നിരോധന കാലയളവിൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

