ഔദ്യോഗിക വസതിയിൽ നടന്ന ജന സമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തക്ക് നേരെ ആക്രമണം. മുഖ്യമന്ത്രി നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണുള്ളത്. ജനങ്ങളുമായി സംവദിക്കുന്നതിനിടെ 35 വയസ് തോന്നിക്കുന്ന ഒരാൾ കുറച്ചു പേപ്പറുകൾ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അതിനുശേഷം കൈപിടിച്ച് വലിക്കുകയുമായിരുന്നുവെന്നുമാണ് സ്രോതസ്സുകൾ നൽകുന്ന വിവരം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ സിവിൽ ലൈൻ പൊലീസ് അറസ്റ്റു ചെയ്തു.
എല്ലാ ആഴ്ചയും സിവിൽ ലൈനിൽ മുഖ്യമന്ത്രി ജന സമ്പർക്ക പരിപാടി നടത്തി വരുന്നുണ്ട്. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആക്രമണത്തെ ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സഛ്ദേവ് അപലപിച്ചു. ആക്രമണത്തെ കോൺഗ്രസും ദൗർഭാഗ്യകകരമെന്ന് അപലപിച്ചു. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ചോദിച്ചു.

