Headlines

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 11.8 ലക്ഷം രൂപ നഷ്ടം, ഒരാൾ അറസ്റ്റിൽ

തൃശൂരിൽ ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് 11,80,993 രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പുസംഘത്തിന് പണം കൈമാറാൻ സഹായിച്ച പാലക്കാട് സ്വദേശി മുഹമ്മദ് ഇർഷാദ് (20) ആണ് അറസ്റ്റിലായത്. കോടതി ഉത്തരവിനെ തുടർന്നാണ് തൃശൂർ റൂറൽ സൈബർ പോലീസ് ഇയാളെ പിടികൂടിയത്.

ഒരു ഓൺലൈൻ ഏജൻസി എന്ന വ്യാജേന ആമസോൺ പാർട്ട്ടൈം പ്രമോഷൻ ജോലികളിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.പരാതിക്കാരനെ ‘ആമസോൺ ഗ്ലോബൽ പാർട്ട്ടൈം റിക്രൂട്ട്മെന്റ് ഇന്ത്യ’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു.ശ്രീകാന്ത് പൊതുരാജ്, നസറുബാൻ, കല സതീഷ് എന്നീ വ്യാജ ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഇവർ ആശയവിനിമയം നടത്തിയത്.2024 ജനുവരി 12 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പല തവണകളായിട്ടാണ് പണം തട്ടിയെടുത്തത്.

ഇതിൽ ഒരു ഇടപാടിൽ 5,30,000 രൂപ തട്ടിയെടുത്തതിൽ 50,000 രൂപ മുഹമ്മദ് ഇർഷാദിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി. ഇയാൾ ഈ പണം തട്ടിപ്പുസംഘത്തിന് കൈമാറുകയായിരുന്നു. ഇതിനായി തന്റെ ബാങ്ക് പാസ്ബുക്ക്, എ.ടി.എം കാർഡ്, സിം കാർഡ് എന്നിവ 4500 രൂപ കമ്മീഷൻ വാങ്ങി തട്ടിപ്പ് സംഘത്തിന് വിൽക്കുകയും ചെയ്തു. ജാമ്യം ലഭിക്കാൻ കോടതിയെ സമീപിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇർഷാദിനെ അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് എസ്.എച്ച്.ഒ പി.എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, സിവിൽ പോലീസ് ഓഫീസർ വി.എസ്. അജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply