Headlines

ഓണക്കാലത്ത്​ സ്വകാര്യ ബസ്​ ഉടമകൾ പണിമുടക്ക്​ നടത്തിയാൽ കെ.എസ്​.ആർ.ടി.സിയെ വെച്ച്​ നേരിടുമെന്ന്​ ഗതാഗത മന്ത്രി

ഓണക്കാലത്ത്​ സ്വകാര്യ ബസ്​ ഉടമകൾ പണിമുടക്ക്​ നടത്തിയാൽ കെ.എസ്​.ആർ.ടി.സിയെ വെച്ച്​ നേരിടുമെന്ന്​ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്​ കുമാർ. കെ.എസ്​.ആർ.ടി.സിക്ക്​ ഇപ്പോൾ 500 ബസുകൾ അധികമായുണ്ട്​. ​ഡ്രൈവറെ വെച്ച്​ ഡീസലും അടിച്ച്​ വണ്ടി നിരത്തിൽ ഇറക്കിയാൽ മതിയെന്ന്​ മ​ന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സമരം ചെയ്യുകയാണെങ്കിൽ ഈ വണ്ടികൾ മുഴുവൻ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് ഇടിച്ചും മറ്റും വർക്​ഷോപ്പിൽ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ വാങ്ങിയ വണ്ടികൾ കൂടാതെ ഇത്രയും വണ്ടികൾ സ്പെയർ ഉണ്ട്. അവർ സമരം ചെയ്താൽ അതിങ്ങ് ഇറക്കും -മന്ത്രി പറഞ്ഞു.

വിദ്യാർഥി കൺസഷൻ വർധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലായിരുന്നു അവർ. ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു. അവരുമായും കുട്ടികളുമായും ട്രാൻസ്പോർട്ട് സെക്രട്ടറി ചർച്ച നടത്തിയതാണ്. ആ ചർച്ചയിൽ കുട്ടികൾ സമവായത്തിന് തയാറായില്ല. എല്ലാവർക്കും വിദ്യാർഥി കൺസെഷൻ നൽകണമെന്ന നിലപാട്​ ഇല്ല. വിദ്യാർഥി കൺസെഷന്​ ഈ ആഴ്ച മോട്ടോർ വെഹിക്കിൾ ആപ്പ്​ പുറത്തിറക്കും. ഈ ആപ്പിലൂടെ അപേക്ഷിക്കണം. ആർ.ടി.ഒമാർ പാസ്​ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply