Headlines

ഒരേ സമയം ഒന്നിലധികം നിയമലംഘനങ്ങള്‍ കണ്ടെത്തും; ഒമാനിലുടനീളം എഐ ക്യാമറകള്‍

ഒമാനിലെ നിരത്തുകളില്‍ എഐ ക്യാമറകള്‍ വ്യാപകമാക്കി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). ഒരേസമയം ഒന്നിലധികം ഗതാഗത ലംഘനങ്ങള്‍ നിരീക്ഷിക്കാനും കണ്ടെത്താനും പിഴ ചുമത്താനുമാണ് നൂതന എഐ പവര്‍ സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിത വേഗത, തെറ്റായ ഓവര്‍ടേക്കിങ്, തെറ്റായി സിഗ്‌നല്‍ മറികടക്കല്‍, ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, വാഹനം ടെയില്‍ ഗേറ്റിങ് നടത്തല്‍ തുടങ്ങിയ ഗതാഗത ലംഘനങ്ങളെല്ലാം ഒരുമിച്ച് നടത്തിയാലും ഇവ എഐ ക്യാമറകളില്‍ പതിയും. ചെറിയ വെളിച്ചത്തില്‍ പോലും ലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള മനുഷ്യ ഇടപെടലില്ലാതെ ലംഘനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഈ സംവിധാനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും 4ഡി റഡാറും ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് ട്രാഫിക് വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സ്മാര്‍ട്ട് സിസ്റ്റങ്ങള്‍ പരീക്ഷണ ഘട്ടത്തിലായിരുന്നു. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ തടയുന്നതിനായി ഘട്ടം ഘട്ടമായി ഇവ സജീവമാവുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐ ക്യാമറകള്‍ പൂര്‍ണ്ണമായും സജീവമാകുന്നതിന് മുമ്പ് ഒരു വിഡിയോ പുറത്തിറക്കുകയും കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കിടുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

മസ്‌കത്തിലെ പ്രധാന ഹൈവേകളിലും പ്രധാന ട്രാഫിക് സിഗ്‌നലുകളിലും എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പിഴകള്‍ക്കുള്ള 24 മണിക്കൂര്‍ അറിയിപ്പ് സംവിധാനവും ഈ ക്യാമറകള്‍ക്കുണ്ട്. നിയമലംഘനം കണ്ടെത്താനും വാഹന ഉടമയെ ഇതേ സമയം തന്നെ വിവരം അറിയിക്കാനും കഴിയും.

Leave a Reply