റമസാന്‍ മാസത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ‘ഫ്ലെക്‌സിബിള്‍’ രീതി അനുസരിച്ചുള്ള ജോലി സമയം ജീവനക്കാര്‍ക്ക് ആശ്വാസകരമാകുന്നു. നഗരത്തിലുള്‍പ്പെടെ രാവിലെയും ഉച്ച സമയങ്ങളിലും ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നിതിനും ഇത് വഴിവെക്കും. ഇഷ്ട സമയം തിരഞ്ഞെടുത്ത് ജോലിക്ക് എത്താനാവുന്നത് തിരക്കൊഴിവാക്കിയുള്ള യാത്രക്ക് ഗുണകരമാകും.’ഫ്ലെക്‌സിബിള്‍’ സംവിധാനം അനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍, യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12, എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി, ഒൻപത് മുതല്‍ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴില്‍ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമിച്ച് ഓഫീസുകളില്‍ എത്തുന്നതും ജോലി കഴിഞ്ഞ് ഇറങ്ങുന്നതും ‘ഫ്ലെക്‌സിബിള്‍’ സംവിധാനം വഴി ഒഴിവാക്കാനാകും. ഇത് നഗരത്തിലെ ഗതാഗത കുരുക്കൊഴിവാക്കും. ആളുകള്‍ ഘട്ടഘട്ടമായായിരിക്കും ഓരോ ഓഫിസുകളില്‍നിന്നും ഇറങ്ങുക. ഇത് നിരത്തുകളിലെ കുരുക്ക് കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായകമാകുമെന്ന് ചൂണ്ടി കാണിക്കുന്നു.
അതേസമയം, തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സ്വകാര്യ മേഖലയിലെ സമയക്രമവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ല.

