ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനായി വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമായി. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരക്കണക്കിന് യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ വലഞ്ഞത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് പ്രശ്നം രൂക്ഷമായത്.
ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ഡൗൺഡിറ്റക്‌ടർ’ (Downdetector) പ്രകാരം 6,000-ത്തിലധികം ഉപയോക്താക്കളാണ് ഐ.ആർ.സി.ടി.സി സേവനം ലഭിക്കാത്തതും ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയാത്തതുമെല്ലാം റിപ്പോർട്ട് ചെയ്തത്. വെബ്‌സൈറ്റ് ലോഡ് ആകുന്നില്ലെന്നും ടിക്കറ്റ് എടുക്കുന്നതിനിടയിൽ പ്രശ്നങ്ങൾ സംഭവിക്കുന്നുവെന്നും പലരും സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായെങ്കിലും ടിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയും പലരും ഉന്നയിക്കുന്നുണ്ട്.

