Headlines

ഐഐ നിര്‍മിത അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടി ഐശ്വര്യ റായ്. നടിയുടെ പബ്ലിസിറ്റി-വ്യക്തിത്വ അവകാശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. പല വെബ് സൈറ്റുകളും അനുവാദമില്ലാതെ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. 150 ഓളം യുഐര്‍എല്ലുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഐശ്വര്യയുടെ മോര്‍ഫ് ചെയ്തതും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതുമായ ചിത്രങ്ങളും വിഡിയോകളും യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് നടിയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മോര്‍ഫിങിലൂടെ പോണോഗ്രാഫിക് വീഡിയോകളിലും ഐശ്വര്യയുടെ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐശ്വര്യയുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ ഇടക്കാല ഉത്തര പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ പറയുന്ന യുആര്‍എല്ലുകള്‍ നീക്കം ചെയ്യാന്‍ ഇടക്കാല ഉത്തരവുണ്ടാകുമെന്നും കോടതി അറിയിച്ചു. കേസ് 2026 ജനുവരി 15 ലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply