ഏഷ്യാ കപ്പിനുള്ള ടി20 ടീമിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഒഴിവാക്കിയത് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. റിസർവ് താരങ്ങളുടെ പട്ടികയിൽ പോലും അയ്യരെ ഉൾപ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്. ഇത്തവണ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി ക്യാപ്റ്റനും ബാറ്ററുമായി മികച്ച പ്രകടനവും ശ്രേയസ് പുറത്തെടുത്തിരുന്നു. ഇപ്പോൾ പുറത്താക്കപ്പെട്ടതിനോട് പ്രതികരിക്കുകയാണ് ശ്രേയസ്.
ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് തുറന്നുപറയുകയാണ് ശ്രേയസ്. ”ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാൻ ഞാൻ അർഹനാണെന്നാണ് കരുതുന്നത്. എന്നാൽ അത് ലഭിക്കാതെ വരികയും ചെയ്യുമ്പോൾ നിരാശ തോന്നും. എന്നാൽ മറ്റൊരാൾ ഇന്ത്യൻ ടീമിൽ അവരുടെ റോൾ ഭംഗിയാക്കുന്നുണ്ടെങ്കിൽ സന്തോഷം മാത്രം. ടീം വിജയിക്കുക എന്നുള്ളതിലാണ് കാര്യം. അങ്ങനെ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും അതിനായി കഠിനാദ്ധ്വാനം ചെയ്യും. ചിലപ്പോൾ നമ്മുടെ കഠിനാദ്ധ്വാനം ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല. എങ്കിലും അത് ചെയ്തുകൊണ്ടിരിക്കണം.” ശ്രേയസ് വ്യക്തമാക്കി.
2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു ശ്രേയസ്. ഈ വർഷത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ ഫൈനലിൽ എത്തിച്ചതും അയ്യർ ആയിരുന്നു. ബാറ്റിംഗിൽ, 50.33 ശരാശരിയിലും 175.07 സ്ട്രൈക്ക് റേറ്റിലും ശ്രേയസ് 604 റൺസാണ് ഐപിഎല്ലിൽ അടിച്ചുകൂട്ടിയത്.

