സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അടുത്തുകണ്ടാൽ ഒരു നാലാം ക്ലാസുകാരിയുടെ മനസിൽ എന്തായിരിക്കും ലോക പരിസ്ഥിതിദിനാചരണത്തിൽ സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകൾക്ക് കാതോർത്ത് നിന്ന ദൃശ്യങ്ങൾ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാർഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിങ്സ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത്.
ആറ് സെന്റ് മാത്രം വരുന്ന മലാപ്പറമ്പ് വേങ്ങേരിയിലെ പുരയിടത്തിലെ കൃഷിയാണ് കെ പി ദേവികയെ പരിസ്ഥിതിമിത്രം പുരസ്‌കാരത്തിന് അർഹയാക്കിയത്. അതേ പുരയിടം നേരിടുന്ന ജപ്തിഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു പുരസ്‌കാരം സ്വീകരിച്ച് മുഖ്യമന്ത്രിയോട് പങ്കുവച്ചത്. നാലാം ക്ലാസുകാരിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാൻ മുഖ്യമന്ത്രിയും തയ്യാറായി. വായ്പയുടെ വിരങ്ങളും ഇടപെടൽ ആവശ്യപ്പെടുന്ന കത്തും ദേവിക മുഖ്യമന്ത്രിക്ക് നൽകി. വിഷയം പരിശോധിക്കാമെന്ന് വാക്കുനൽകിയാണ് മുഖ്യമന്ത്രി ദേവികയെ മടക്കി അയച്ചത്.
തയ്യൽ തൊഴിലാളിയായ ദേവികയുടെ അച്ഛൻ കെ പി ദീപക് ജോലി വിപുലീകരിക്കുന്നതിനും വീടുപണിക്കും വേണ്ടിയായിരുന്നു വായ്പ എടുത്തത്. സഹകരണബാങ്ക്, എസ്ബിഐ എന്നിലയിൽ നിന്നും സ്വന്തമാക്കിയ ആറരലക്ഷം രൂപ വായ്പ കോവിഡ് പ്രതിസന്ധിയും അപകടവും ഉൾപ്പെടെ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ ദേവിക അസുഖബാധിതയായതും ദീപകിന് വാഹനാപകടം സംഭവിച്ചതും പ്രതിസന്ധി വർധിപ്പിച്ചു. വായ്പ മുടങ്ങിയതോടെ ബാങ്കുകൾ തുടർനടപടിക്ക് മുതിരുകയായിരുന്നു. ഇക്കാര്യമാണ് ദേവിക മുഖ്യമന്ത്രിക്ക് മുന്നിൽ ബോധിപ്പിച്ചത്.
വീട്ടുവളപ്പിലും ടെറസിലുമായി ഒരുക്കിയ കൃഷിത്തോട്ടമാണ് ദേവിക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കൃഷിത്തോട്ടം നേരിട്ടെത്തി വിലയിരുത്തിയാണ് പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറേറ്റ് സംസ്ഥാന പരിസ്ഥിതിമിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിനായി ദേവികയെ തെരഞ്ഞെടുത്തത്. അച്ഛൻ ദീപകും അമ്മ സിൻസിയും കുഞ്ഞനിയൻ നിലനും ഒപ്പമാണ് ദേവിക പുരസ്‌കാരം വാങ്ങാൻ തിരുവനന്തപുരത്ത് എത്തിയത്.

