രാജ്ഭവനിൽ നടന്നത് ഭരണഘടനാ ലംഘനമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഭാരതാംബയുടെ ചിത്രം സ്ഥാപിക്കുന്നത് ഭരണഘടന അനുശാസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, തന്റെ ഓഫീസിൽ കാൾ മാർക്‌സിന്റെ ചിത്രം വെക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. ഇന്ത്യയുടെ അതിർത്തികൾ നിർവചിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ല’ എന്ന പരാമർശത്തിനെതിരെയും അദ്ദേഹം വിമർശനം ഉയർത്തി.
ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.
എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകൾ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ തിരുവനന്തപുരത്ത് മന്ത്രിക്കെതിരെ എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

