തമിഴ്നാട്ടിൽ എസ് ഐ ആർ അന്തിമ വോട്ടർ പട്ടിക പുറത്ത്. ഏകദേശം 74.07 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് ആകെ 5.67 കോടി വോട്ടർമാരുണ്ടെന്ന് തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് വ്യക്തമാക്കി.നവംബർ 4 മുതൽ ഡിസംബർ 14 വരെയാണ് സംസ്ഥാനത്ത് പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടത്തിയത്.
5.67 കോടി വോട്ടർമാരിൽ 2,77,38,925 പുരുഷന്മാരും 2,89,60,838 സ്ത്രീകളും ഉൾപ്പെടുന്നു. 7,671 ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട് സംസ്ഥാനത്ത്. ഒക്ടോബർ 27 വരെ ഏകദേശം 6.41 കോടി വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്.
എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടികയിൽ ഏകദേശം 97.37 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 5.43 കോടിയായി കുറഞ്ഞിരുന്നു. ഡിസംബർ 19 മുതൽ ജനുവരി 30 വരെയുള്ള കാലയളവിൽ ഏകദേശം 27,53,796 വോട്ടർമാരെ ചേർത്തു. ഈ കാലയളവിൽ ഏകദേശം 4.23 ലക്ഷം വോട്ടർമാരെയും ഒഴിവാക്കുകയും ചെയ്തു.
പുതിയ പട്ടികയിൽ 18-19 വയസ് പ്രായപരിധിയിലുള്ള വോട്ടർമാരുടെ എണ്ണം 12.51 ലക്ഷമാണ്. മുതിർന്ന പൗരന്മാർ (85 വയസും അതിൽ കൂടുതലുമുള്ളവർ) 3.99 ലക്ഷം വരും. ചെങ്കൽപേട്ട് ജില്ലയിലെ ഷോളിംഗനല്ലൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 5,36,991 വോട്ടർമാർ. ചെന്നൈയിലെ ഹാർബർ മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ വോട്ടർമാരുള്ളത്, ഏകദേശം 1.16 ലക്ഷം വോട്ടർമാർ.

