Headlines

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, യാത്രക്കാരെ കൊൽക്കത്തയിൽ ഇറക്കി

സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടെ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യാത്രാക്കാരെ കൊൽക്കത്ത വിമാനത്താവളത്തിലിറക്കി.AI180 വിമാനം പുലർച്ചെ 12.45 നാണ് കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. എന്നാൽ ഇടതുവശത്തെ എഞ്ചിനിലെ തകരാർ കാരണം പുറപ്പെടാൻ വൈകുകയായിരുന്നു. പുലർച്ചെ 5.20 ആയിട്ടും തകരാർ പരിഹരിക്കാതെ വന്നതോടെ യാത്രക്കാരോട് ഇറങ്ങാൻ നിർദേശിച്ചുകൊണ്ട് അറിയിപ്പ് നൽകുകയായിരുന്നു. വിമാന സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. സംഭവത്തിൽ എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

അതേസമയം, എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിൽ ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. പുലർച്ചെ ഒന്നേകാലിന് പുറപ്പെടേണ്ട ഡൽഹി- മെൽബൺ വിമാനമാണ് പെട്ടെന്ന് റദ്ദാക്കിയത്.തുടർ നടപടികളിലും എയർ ഇന്ത്യ മറുപടി നൽകാതിരുന്നതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്.തിങ്കളാഴ്ച മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള എയർ ഇന്ത്യയുടെ AI2493 വിമാനം സാങ്കേതിക തകരാർ മൂലം റദ്ദാക്കിയതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ, ഡൽഹി-റാഞ്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് റാഞ്ചിയിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിങ്കളാഴ്ച പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ തിരിച്ചിറക്കിയത്. ബോയിംഗ് 737 മാക്‌സ് 8 വിമാനം വൈകുന്നേരം 6.20 നായിരുന്നു റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. പരിശോധനക്ക് ശേഷം വിമാനം സാധാരണ പ്രവർത്തനം പുനരാരംഭിച്ചുവെന്ന് എയർലൈൻ വക്താവ് പറഞ്ഞു.

Leave a Reply