Headlines

എയർ ഇന്ത്യയിൽ ഇനി ‘പെറ്റ്സ്’ യാത്രക്കാർ: നിരക്കുകളും നിയമങ്ങളും അറിയാം

CHIBA, JAPAN - JANUARY 27 : A woman and his dog are seen in a plane in Chiba, Japan on January 27, 2017. Japan Airlines "wan wan jet tour" allows owners and their dogs to travel together on a charter flight for a special three-day domestic tour to Kagoshima Prefecture, southwestern Japan. As part of the package tour, the owners and their dogs will also get to stay together in a hotel and go sightseeing in rented cars. (Photo by Richard Atrero de Guzman/Anadolu Agency/Getty Images)

ഓമനമൃഗങ്ങള്‍ നമ്മുടെ ജീവിതത്തിലെ പല തലവേദനകളും അലിയിച്ചു കളയുന്ന ഒറ്റ മൂലിയാവാറുണ്ട്. എന്നാലോ ഒരു യാത്രയ്ക്കായി പ്ലാന്‍ ചെയ്യുമ്പോള്‍ ഇതേ ഓമനമൃഗങ്ങളാവും പ്രധാന തലവേദന. എവിടെ അവരെ സുരക്ഷിതമായി ഏല്‍പിക്കും? ഏല്‍പിക്കുന്നവര്‍ അവരോട് നന്നായി പെരുമാറുമോ? കൂടെ കൊണ്ടുപോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? അങ്ങനെയങ്ങനെ അവരെക്കുറിച്ചുള്ള ആധികളാവും കൂടുതലും. ഇനിയങ്ങനെയൊരു ആധി വേണ്ടെന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്. തിരഞ്ഞെടുത്ത വിമാനങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ അനായാസമാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ.

എയര്‍ ഇന്ത്യയുടെ ‘Paws on the Board’ പ്രോഗ്രാം വഴിയാണ് വളര്‍ത്തുമൃഗങ്ങളേയും വിമാനത്തില്‍ കൂടെ കൂട്ടാനുള്ള അവസരം ഒരുങ്ങുന്നത്. സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി ലളിത നടപടികളിലൂടെ വളര്‍ത്തുമൃഗങ്ങളേയും ചേര്‍ത്ത് വിമാനടിക്കറ്റെടുക്കാനാണ് അവസരം ലഭിക്കുക. പുതിയ നയം അനുസരിച്ച് പത്ത് കിലോഗ്രാം വരെ ഭാരമുള്ള പൂച്ചകളേയും പട്ടികളേയുമെല്ലാം കൂട് അടക്കം ഇനി കൂടെ കൂട്ടാനാവും. തിരഞ്ഞെടുത്ത എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇക്കോണമി കാബിനിലാണ് യാത്ര സാധ്യമാവുക. ആഭ്യന്തര യാത്രകളില്‍ മാത്രമല്ല വിദേശ യാത്രകളിലും ഈ സൗകര്യമുണ്ടാവും.

നേരത്തെ യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപെങ്കിലും നല്‍കുന്ന അപേക്ഷകളിലായിരുന്നു വളര്‍ത്തു മൃഗങ്ങളെ കൂടെ കൊണ്ടുപോകാന്‍ സാധിച്ചിരുന്നത്. ഇപ്പോള്‍ അത് 48 മണിക്കൂറായി കുറച്ചുവെന്നതും ആശ്വാസകരമാണ്. രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ ബുക്കിങ് സ്ഥിരീകരിക്കപ്പെടുകയുള്ളൂ.

80 റൂട്ടില്‍ കൂടെ കൂട്ടാം

ഇന്ത്യയിലും വിദേശത്തുമായി 80ലേറെ റൂട്ടുകളില്‍ വളര്‍ത്തുമൃഗങ്ങളെ യാത്രികര്‍ക്ക് കൂടെ കൂട്ടാനാവും. ഇതില്‍ ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. വളര്‍ത്തുമൃഗങ്ങളെ കയറ്റാനാവുന്ന വിമാനങ്ങളില്‍ രണ്ട് കാബിനുകളാണുണ്ടാവുക. വളര്‍ത്തു മൃഗങ്ങള്‍ക്ക് കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും പ്രായം വേണം. ഗര്‍ഭിണിയായവര്‍, മയക്കത്തിലുള്ളവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ എന്നിവയെ കൂടെ കൂട്ടാന്‍ അനുമതി ലഭിക്കില്ല.

വിമാനത്തില്‍ അവസാനത്തെ നിരയിലും ഇക്കോണമി ക്ലാസില്‍ ഇരിപ്പിടങ്ങള്‍ക്കിടയിലെ ഇടനാഴിയോടു ചേര്‍ന്നും ആയിരിക്കും വളര്‍ത്തുമൃഗങ്ങളുണ്ടാവുക. വളര്‍ത്തുമൃഗങ്ങളെ അവരുടെ കൂട്ടില്‍ നിന്നും പുറത്തിറക്കാന്‍ അനുമതിയുണ്ടാവില്ല. യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ നടപടിക്രമങ്ങളിലും വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോവുന്ന കാര്യത്തിലും ഉണ്ടാവും.

കൂടിന്റെ സവിശേഷത

വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവേണ്ട കൂടിനെക്കുറിച്ചും നിര്‍ദേശങ്ങളുണ്ട്. ചോര്‍ച്ചയില്ലാത്ത അതേസമയം കൃത്യമായ വായു സമ്പര്‍ക്കമുള്ള സുരക്ഷിതമായ മൃദുവായ വശങ്ങളുള്ള കൂടുകളാണ് വേണ്ടത്. പരമാവധി വലിപ്പം 17×10×9 ഇഞ്ച്. ഇനി പത്തു കിലോഗ്രാമിലും കൂടുതല്‍ ഭാരമുള്ള 32 കിലോഗ്രാം വരെ(കൂട് ഉള്‍പ്പടെ) ഭാരമുള്ള വളര്‍ത്തുമൃഗങ്ങളെ ചെക്ക്ഡ് ബാഗേജ് ആയി കൊണ്ടുപോകാനാവും.

പത്തു കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള മൃഗങ്ങളെ IATA സാക്ഷ്യപ്പെടുത്തിയ കട്ടിയേറിയ കൂടുകളിലാണ് കൊണ്ടുപോവാനാവുക. ഈ മൃഗങ്ങളെ എയര്‍ ഇന്ത്യ കാര്‍ഗോ സര്‍വീസിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല ദീര്‍ഘദൂര റൂട്ടുകളിലും ഇത്തരം ഭാരം കൂടുതലുള്ള വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോവാന്‍ അനുമതിയില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ചെലവ്

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോവാന്‍ എത്ര ചെലവ് വരും എന്നതും സുപ്രധാന ചോദ്യമാണ്. ഏറ്റക്കുറച്ചിലുകളില്ലാത്ത നിശ്ചിത തുകയാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് 7,500 രൂപ. ഹ്രസ്വദൂര രാജ്യാന്തര യാത്രകള്‍ക്ക് 140 ഡോളര്‍(ഏകദേശം 12,600 രൂപ). മധ്യ ദൂര രാജ്യാന്തര യാത്രകള്‍ക്ക് 160 ഡോളര്‍(14,400 രൂപ) എന്നിങ്ങനെയാണ് നിരക്ക്. ഇനി കൂടുതല്‍ ഭാരമുള്ള ചെക്ക്ഡ് ബാഗേജ് വഴിയാണെങ്കില്‍ നിരക്കിലും വ്യത്യാസം വരും. ആഭ്യന്തര യാത്രകള്‍ക്ക് 16,000 രൂപയും രാജ്യാന്തര യാത്രകള്‍ക്ക് 350 ഡോളറുമാണ് (ഏകദേശം 31,500 രൂപ) നിരക്ക് വരിക.

എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് അല്ലെങ്കില്‍ ബുക്കിങ് ഓഫീസുകള്‍ വഴി വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുക്കിങ് സാധ്യമാണ്. കുറഞ്ഞത് 48 മണിക്കൂര്‍ മുൻപെങ്കിലും ടിക്കറ്റിന് ശ്രമിക്കണം. വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് അനുമതി പത്രങ്ങളും വേണ്ടി വരും. എന്തായാലും പോസ് ഓണ്‍ ദി ബോര്‍ഡ് പരിപാടിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയത് നിരവധി യാത്രക്കാര്‍ക്കാണ് ആശ്വാസമായി മാറിയിട്ടുള്ളത്.

Leave a Reply