നടൻ ജയറാമിന്റെ കരിയറിലെ ശ്രദ്ധേയ വഴിത്തിരിവായി മാറിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ഒരുക്കി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ ‘കാന്താര ചാപ്റ്റർ 1’. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച് താരം തന്റെ സോഷ്യൽ മീഡിയയിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചു.
‘എന്നെ വിശ്വസിച്ചതിന്, ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി,’ എന്ന വാക്കുകളോടെയാണ് ജയറാം പോസ്റ്റ് തുടങ്ങുന്നത്.ചിത്രത്തിൽ രാജശേഖര എന്ന രാജാവിന്റെ സുപ്രധാന വേഷമാണ് ജയറാം കൈകാര്യം ചെയ്തത്. മുൻ ചിത്രങ്ങളായ ‘പൊന്നിയൻ സെൽവൻ’ പോലെത്തന്നെ ഈ ചിത്രത്തിലെ താരത്തിന്റെ വേറിട്ട ലുക്കും നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ‘കാന്താര ചാപ്റ്റർ 1’ന് ലഭിച്ച നിരൂപക പ്രശംസയും പ്രേക്ഷകരുടെ സ്‌നേഹവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ആയുധപൂജ ദിനത്തിൽ അറിഞ്ഞതിലുള്ള ഇരട്ടി സന്തോഷം ജയറാം പങ്കുവെച്ചു.
ഈ നല്ല വാക്കുകൾ വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു.തന്നിൽ വിശ്വാസമർപ്പിച്ച് ഈ കഥാപാത്രത്തെ ഏൽപ്പിച്ചതിന് സംവിധായകൻ ഋഷഭ് ഷെട്ടിക്ക് താരം പ്രത്യേക നന്ദി രേഖപ്പെടുത്തി. കൂടാതെ, തങ്ങളെ മനോഹരമായി സ്‌ക്രീനിലെത്തിക്കാൻ പ്രയത്‌നിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും സ്‌നേഹം അറിയിച്ചു.ജയറാമിന്റെ ഈ വികാരനിർഭരമായ കുറിപ്പിന് നിരവധിപ്പേർ കമന്റുമായി എത്തി. നടി പാർവതി ‘ഞങ്ങളുടെ അഭിമാനം’ എന്ന് കുറിച്ചത് ശ്രദ്ധേയമായി. നിരവധി അന്യഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്ന ജയറാമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ് ‘കാന്താര ചാപ്റ്റർ 1’.

