അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹത തുടരുന്നു. ഇന്ധന സ്വിച്ചുകൾ ഉൾപ്പെട്ട ത്രോട്ട് കൺട്രോൾ മൊഡ്യൂൾ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോർട്ട് യഥാർത്ഥ കാരണം വ്യക്തമാക്കുന്നില്ല. അന്വേഷണത്തിനെതിരെ പൈലറ്റുമാരുടെ സംഘടന കോടതിയെ സമീപിക്കും. അതേസമയം, വിമാനത്തിന് എഞ്ചിനും മറ്റു ഭാഗങ്ങൾക്കും യാതൊരു യന്ത്രതകരാറും ഉണ്ടായിരുന്നില്ലെന്ന പ്രഥമിക അന്വേഷണ റിപ്പോർട്ട് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിത്സൻ സ്വാഗതം ചെയ്തു.
എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിലാണ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് എയർ ഇന്ത്യ സിഇഒ പ്രതികരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള നിഗമനങ്ങളും അവലോകനങ്ങളും സംശയങ്ങളുമടക്കം സിഇഒ തള്ളികളഞ്ഞു. ഇപ്പോൾ ഇത്തരം നിഗമനങ്ങളിൽ അല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും സമയബന്ധിതമായ എല്ലാ അറ്റകുറ്റപണിയും പൂർത്തിയാക്കിയിരുന്നുവെന്നും വിമാനത്തിൻറെ എഞ്ചിനോ വിമാനത്തിനോ മറ്റു യന്ത്രങ്ങൾക്കോ യാതൊരു തകരാറും കണ്ടെത്തിയിട്ടില്ലെന്ന റിപ്പോർട്ടിലെ ഭാഗമാണ് പ്രധാനമെന്നും സിഇഒ ബെൽ വിത്സൻ പറഞ്ഞു.
ഇന്ധനത്തിൻറെ ഗുണനിലവാരം സംബന്ധിച്ചോ ടേക്ക് ഓഫിനിടെ പ്രശ്‌നമുണ്ടായിരുന്നതോ ആയി പറയുന്നില്ല. യാത്രക്ക് മുമ്പുള്ള എല്ലാ പരിശോധനയും പൂർത്തിയാക്കി പൈലറ്റുമാർ വിമാനം പറത്താൻ യോഗ്യരായിരുന്നുവെന്നും വിത്സൻ പറഞ്ഞു.ഇപ്പോൾ എയർ ഇന്ത്യ ജീവനക്കാർ അപക്വമായ നിഗമനങ്ങളിൽ എത്തരുതെന്നും അന്തിമ റിപ്പോർട്ട് ഇനിയും വരാനുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിത്സൻ പറഞ്ഞു.

