അടുക്കള ഉപകരണങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയിരിക്കുന്നത് എയർ ഫ്രയറിനാണ്. കുറഞ്ഞ എണ്ണയിൽ തന്നെ വിഭവങ്ങൾ തയ്യാറാക്കാൻ കഴിയുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ചോറ് മുതൽ പച്ചക്കറികൾ, ഇറച്ചി, കേക്ക്, മഫിൻസ് വരെ എയർ ഫ്രയറിൽ പാചകം ചെയ്യാൻ സാധിക്കും.
എന്നാൽ എല്ലാ ഭക്ഷണങ്ങളും എയർ ഫ്രയറിൽ വേവിക്കുന്നത് ആരോഗ്യകരമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചില ഭക്ഷണങ്ങൾ ഇതിലൂടെ തയ്യാറാക്കുമ്പോൾ അതിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടുകയും, ശരീരത്തിന് പ്രതിഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.ഇത്തരത്തിൽ എയർ ഫ്രയറിൽ പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
ഇലക്കറികൾ
ഉരുളക്കിഴങ്ങ്, കൂൺ തുടങ്ങിയവ എയർഫ്രയറിൽ എളുപ്പത്തിൽ പാചകം ചെയ്യാമെങ്കിലും എല്ലാ പച്ചക്കറികളും എയർ ഫ്രയർ ഫ്രണ്ട്‌ലി അല്ല. പച്ചച്ചീര, കേൽ തുടങ്ങിയ ഇലക്കറികൾ വളരെ ഭാരം കുറഞ്ഞതായതിനാൽ എയർഫ്രയറിൽ പറന്നു നടക്കാനും എല്ലാഭാഗവും ശരിയായി വേവാതിരിക്കാനും കരിഞ്ഞു പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് കനം കൂടിയ ഇലക്കറികളുടെ ഒപ്പം ഭക്ഷണം വച്ച ശേഷം അൽപം എണ്ണ തടവി വേവിക്കുന്നതാവും നല്ലത്. പോഷകങ്ങൾ നഷ്ടപ്പെടാതെ പാചകം ചെയ്യാൻ ഇത് സഹായിക്കും.
പോപ്‌കോൺ
പോപ്‌കോൺ എയർഫ്രയറിൽ പാചകം ചെയ്യുന്നത് സാധാരണയാണെങ്കിലും അങ്ങനെ ചെയ്യാൻ പാടില്ലെന്ന് വിദഗ്ധർ. പോപ്‌കോണിൽ നാരുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എയർഫ്രയർ, പോപ്‌കോൺ പാചകം ചെയ്യാൻ ആവശ്യമായ സ്ഥിരമായ താപം പ്രദാനം ചെയ്യാത്തതു കൊണ്ട് അവ ശരിയായി പൊങ്ങി വരുകയില്ല എന്നു മാത്രമല്ല ചിലതെല്ലാം കരിഞ്ഞു പോവുകയും ചെയ്യും. അതുകൊണ്ടു തന്നെ അവ ഭക്ഷ്യയോഗ്യമല്ലാതാകും. സ്റ്റൗവിൽ വച്ചോ മൈക്രോവേവിൽ വച്ചോ പോപ്‌കോൺ പാചകം ചെയ്യുന്നതാണ് ഉത്തമം.
ചീസ്
ചീസ് അഥവാ പാൽക്കട്ടിക്ക് ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ കഴിവില്ലാത്തതു കൊണ്ട് എയർഫ്രയറിൽ വച്ചാലുടൻ അത് ഉരുകുകയും കരിയുകയും ചെയ്യും. ചീസ് മാത്രമായി ഒരിക്കലും എയർഫ്രയറിൽ വയ്ക്കരുത്. പകരം ബ്രഡ് ക്രംപ്‌സിലോ പൊടികളിലോ പുരട്ടി മാത്രം വയ്ക്കുക. ചീസിന്റെ ഗുണങ്ങൾ കൂടുതൽ ലഭിക്കാൻ ക്യാപ്‌സിക്കത്തിലോ കോഴിയിറച്ചിയിലോ ചേർത്ത് ഉപയോഗിക്കാം.
മാവുകൾ
അരിമാവ്, ഗോതമ്പുമാവ്, ബജി മാവ് തുടങ്ങിയ നനവുള്ള മാവുകൾ (wet batters) എയർ ഫ്രയറിൽ ഉപയോഗിക്കുന്നത് നന്നല്ല. മീൻ വറക്കുന്നതിനുപയോഗിക്കുന്ന ബാറ്ററും മറ്റും എയർഫ്രയറിൽ ഉപയോഗിക്കുമ്പോൾ മീനും പക്കോഡകളും മറ്റും വേവും മുൻപ് തന്നെ ബാറ്ററുകൾ ഒലിച്ചിറങ്ങും. ഇത്തരത്തിൽ ഈർപ്പം അധികമുള്ള മാവുകൾ എയർഫ്രയറിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

