ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ രൂക്ഷ വിമര്ശനവും ഖത്തറിന് പൂർണപിന്തുണയും പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങൾ. പലസ്തീനുള്ള പിന്തുണക്കും ഉച്ചകോടി വേദിയായി. സഖ്യ രാഷ്ട്രങ്ങളിൽ ഏതു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണവും അറബ് – മുസ്ലിം രാഷ്ട്രങ്ങൾക്ക് നേരെയുള്ള ആക്രമണമായി കരുതുമെന്നും ഉച്ചകോടി വ്യക്തമാക്കി.
ഞായറാഴ്ച അറബ് -ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിച്ചത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയാറാക്കിയ കരടു പ്രമേയമാണ് മന്ത്രിമാർ ചർച്ച ചെയ്തത്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലോടെയാണ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ അറബ് -ഇസ്ലാമിക് ഉച്ചകോടി ആരംഭിച്ചത്. ഉച്ചകോടിയിൽ തീരുമാനമായ 25 പ്രസ്താവനകളാണ് അടിയന്തര ഉച്ചകോടി പുറപ്പെടുവിച്ചത്. വൈകീട്ടോടെ സമാപിച്ച യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിച്ചു.
സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സയീദ് ആൽ നഹിയാൻ, ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഇറാൻ പ്രസിഡന്റ് മസ്ഉൗദ് പെഷഷ്കിയാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് എന്നിവരടക്കം 50ലധികം രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങൾ, ഒ.ഐ.സി രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

