ഇസ്രായേലുമായുള്ള വെടിനിർത്തലിനുശേഷം ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഗൾഫ് സന്ദർശനം സൗദിയിൽ. പ്രാദേശിക നയതന്ത്ര സമ്മർദങ്ങൾക്കിടെ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനത്തിന്റെ ഭാഗമായാണ് ഡോ. അബ്ബാസ് അറഗോച്ച് സൗദിയിലെത്തിയത്. ബുധനാഴ്ച രാവിലെ ജിദ്ദയിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സ്വീകരിച്ചു. ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നിലവിലെ പ്രക്ഷുബ്ധ സാഹചര്യം മറികടക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളും വിശകലനം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ സഹായിക്കുമെന്ന് സൗദി കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയുള്ള ചർച്ചയാണ് തർക്കപരിഹാരമെന്ന സൗദി അറേബ്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കി.

