Headlines

ഇറാന്റെ ആണവ വ്യോമകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ; തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേൽ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച ഇസ്രയേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലും സ്‌ഫോടനങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രിയിലുള്ള ഇറാന്റെ പ്രത്യാക്രമണത്തിൽ ടെൽ അവീവിൽ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാളുടെ മരണമാണ് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുള്ളത്. അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ചതുകൊണ്ട് തന്നെ പൊതുജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ മിസൈലുകളിൽ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാൻ ഇസ്രയേൽ ലക്ഷ്യമാക്കി വർഷിച്ചത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ബങ്കറിനുള്ളിലാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം തന്നെ ഇവർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവരുമായി ചർച്ച നടത്തുന്നുണ്ടെന്നും ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply