Headlines

ഇറാനിൽ കാണാതായ ഇന്ത്യക്കാരെ ടെഹ്റാൻ പൊലീസ് മോചിപ്പിച്ചു; സ്ഥീരീകരിച്ച് എംബസി

ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയിൽ വിദേശ കാര്യ മന്ത്രാലയം ഉൾപ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇറാൻ എംബസി മോചന വിവരം സ്ഥിരീകരിച്ചത്. ടെഹ്റാൻ പൊലീസാണ് മൂന്ന് പേരെ മോചിപ്പിച്ചതെന്നാണ് വിശദീകരണം. ഇവർ എവിടെയാണ്, ആരാണ് ഇവരെ തട്ടിക്കൊണ്ട് പോയത് തുടങ്ങിയ വിവരങ്ങൾ ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പഞ്ചാബ് സ്വദേശികളായ മൂന്ന് പേരെയും കണ്ടെത്തിയെന്ന വാർത്തകൾ അധികൃതർ സ്ഥിരീകരിക്കുന്നു.

പഞ്ചാബിലെ സംഗ്രൂർ സ്വദേശി ഹുഷൻപ്രീത് സിംഗ്, ഹോഷിയാർപൂർ സ്വദേശി അമൃത്പാൽ സിംഗ്, എസ്ബിഎസ് നഗർ ജസ്പാൽ സിംഗ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പഞ്ചാബ് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിക്കൊണ്ട് പോവൽ സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്. മെയ് 1-ന് ടെഹ്റാനിൽ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. പഞ്ചാബിലെ ഒരു ഏജന്റ് വഴിയാണ് ഈ മൂന്ന് പേരും ദുബായ്-ഇറാൻ വഴി ഓസ്ട്രേലിയക്ക് പുറപ്പെട്ടത്. ഇറാനിൽ ഇവർക്ക് താമസസൗകര്യം ഒരുക്കാമെന്ന് ഏജന്റ് ഉറപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ മെയ് 1-ന് ഇറാനിൽ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ കാണതായെന്നായിരുന്നു പരാതി.

തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബങ്ങൾ അറിയിച്ചു. മഞ്ഞ കയറുകളിൽ കെട്ടിയിട്ട്, കൈകളിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലുള്ള ഇവരുടെ വീഡിയോ തട്ടിക്കൊണ്ടുപോയവർ അയച്ചതായും കുടുംബങ്ങൾ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബങ്ങൾ കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടുപോയവരുടെ ഫോണിലൂടെയാണ് ഇരകൾ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. മെയ് 11 മുതൽ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഈ മൂന്ന് പേരെയും വിദേശത്തേക്ക് അയച്ച ഹോഷിയാർപൂരിലെ ഏജന്റിനെയും കാണാതായതായി റിപ്പോർട്ടുണ്ട്.

Leave a Reply