എയർ ഇന്ത്യ ഇന്ന് മാത്രം റദ്ദാക്കിയത് അഞ്ച് അന്താരാഷ്ട്ര ഡ്രീംലൈനർവിമാന സർവീസുകൾ. അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാനാപകട പശ്ചാത്തലത്തിൽ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്. AI 915 (ദില്ലി-ദുബായ്), AI 153 (ദില്ല-വിയന്ന), AI 143 (ദില്ലി-പാരിസ്), AI 159 (അഹമ്മദാബാദ്-ലണ്ടൻ), AI 170 (ലണ്ടൻ-അമൃത്സർ) എന്നിവയാണ് സർവീസ് റദ്ദാക്കിയ വിമാനങ്ങൾ.
ഇവ കൂടാതെ, ദില്ലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന AI 315 എന്ന ഡ്രീംലൈനർ വിമാനത്തിനും സാങ്കേതിക തകരാറ് മൂലം സർവീസ് നടത്താനായില്ല. ഈ വിമാനം ഹോങ്കോമങ്ങിലേക്ക് തിരികെ ഇറക്കി. നേരത്തെ സാൻ ഫ്രാൻസിസ്‌കോ-മുംബൈ എയർ ഇന്ത്യ വിമാനം ഷെഡ്യൂൾ പ്രകാരം കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ സാങ്കേതിക തകരാർ കണ്ടെത്തുകയും, എല്ലാ യാത്രക്കാരെ ഇറക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.
ലുഫ്താൻസയുടെയും ബ്രിട്ടീഷ് എയർവേയ്സിന്റേയും രണ്ട് ഡ്രീംലൈനർ വിമാനങ്ങളും സർവീസ് റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലണ്ടനിൽ നിന്നും യഥാക്രമം ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും പുറപ്പെട്ട വിമാനങ്ങളാണ്, പറന്നുയർന്ന വിമാനത്താവളങ്ങളിലേക്ക് തിരിച്ചിറക്കേണ്ടി വന്നത്. അതേസമയം, എയർ ഇന്ത്യയുടെ ദില്ലി-പാരീസ് സർവീസിന് പറക്കുന്നതിന് മുമ്പുള്ള പരിശോധനകളിൽ ചെറിയ പ്രശ്‌നം നേരിട്ടതായും, ഇത് പരിഹരിക്കാൻ എടുക്കുന്ന സമയം പാരിസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലെ രാത്രികാല പ്രവർത്തന നിയന്ത്രണങ്ങളുമായി ഒത്തുപോകാത്തതിനാലാണ് വിമാനം റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് റദ്ദാക്കിയതിന്, എയർസ്‌പേസ് നിയന്ത്രണങ്ങൾ കാരണമുള്ള വിമാന ലഭ്യതക്കുറവും അധിക മുൻകരുതൽ പരിശോധനകളുമാണ് കാരണമെന്നും എയർലൈൻ വിശദീകരിച്ചു. ഈ റൂട്ടിൽ പറക്കാൻ ഷെഡ്യൂൾ ചെയ്തിരുന്ന ഡ്രീംലൈനറിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ജൂൺ 12-ന് എയർ ഇന്ത്യയുടെ AI 171 വിമാനം ടേക്ക് ഓഫ് ചെയ്ത് 40 സെക്കൻഡിനുള്ളിൽ തകർന്ന് വീഴുകയും എയർപോർട്ടിൽ നിന്ന് 2 കിലോമീറ്ററിൽ താഴെ മാത്രം ദൂരെയുള്ള ഒരു കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങി അഗ്‌നിഗോളമായി മാറിയ ദുരന്തത്തിന് പിന്നാലെയാണ് ഡ്രീംലൈനറുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ എന്നത് ആശങ്കയുണ്ടാക്കുകയാണ്. വിമാനം റദ്ദാക്കുകയും പറന്നുയർന്ന ശേഷം തിരിച്ചിറക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ എണ്ണം വർധിക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

