Headlines

ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിൻറെ നാളുകൾ

ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും.രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം.

കർക്കടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. മൺമറഞ്ഞ പിതൃക്കൾക്കായി കർക്കടക വാവുബലിയും ഈ മാസം നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നൽകുന്ന മാസം കൂടിയാണ് കർക്കിടകം. ഔഷധക്കൂട്ടുകളോടെ തയ്യാറാക്കുന്ന കർക്കടക കഞ്ഞി ഏറെ പ്രശസ്തമാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും വിവിധ പരിപാടികളോടെ രാമായണ മാസാചരണം നടക്കും. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. കർക്കടകം വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്.

കർക്കിടക മാസവുമായി ബന്ധപ്പെട്ട് റേഡിയോ കേരളം 1476 എഎം കർക്കടകക്കൂട്ട് എന്ന പേരിൽ പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7.05ന് രാമായണ പാരായണം ഉണ്ടാകും. കൂടാതെ കർക്കടകമാസ ആരോഗ്യ അറിവുകൾ നൽകുന്ന ‘ആയുരാരോഗ്യം’, രാമായണത്തെ കുറിച്ച് പ്രമുഖർ സംസാരിക്കുന്ന ‘ഞാനറിഞ്ഞ രാമായണം’, രാമായണം പ്രശ്‌നോത്തരി, രാമായണത്തിലെ ഗുണപാഠ കഥകൾ പങ്കുവെയ്ക്കുന്ന ‘ബാലരാമായണം’ എന്നീ പരിപാടികൾ ദിവസേന വിവിധ സമയങ്ങളിൽ പ്രക്ഷേപണം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 7.05ന് സന്ധ്യാനാമവും ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply