Headlines

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ ശുഭകരമാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.

അതേസമയം ഇന്ത്യ-പാക് വെടിനിർത്തലിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. സ്ഥിരമായ വെടിനിർത്തൽ കരാറിലേക്ക് എത്തിച്ചേരാൻ ഇരു രാജ്യങ്ങളും കാണിച്ച പ്രതിബദ്ധതയിലും വിവേകത്തിലും ശൈഖ് അബ്ദുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെക്കൻ ഏഷ്യയിലാകെ സുരക്ഷയും സ്ഥിരതയും ഉയർത്തുന്നതിന് ഈ വെടിനിർത്തൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് മേധാവി അഫ്ര അൽ ഹമേലി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎഇയ്ക്കുള്ള ചരിത്രപരമായ ശക്തമായ ബന്ധത്തെയും ശൈഖ് അബ്ദുള്ള പരാമർശിച്ചു. ഈ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച ശൈഖ് അബ്ദുള്ള ഇരു രാജ്യങ്ങളും കരാറിലേക്ക് എത്താനെടുത്ത ശ്രമങ്ങളെയും അഭിനന്ദിച്ചു.

Leave a Reply