Headlines

ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിനും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകും

ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിഷേധം തള്ളിയാണ് ഐസിസി നീക്കത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ഇന്ത്യ -പാക് മത്സരത്തോടെയാണ് ഐസിസി-പിസിബി പോര് തുടങ്ങിയത്. പിന്നീട് ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു. യുഎഇക്കെതിരായ മത്സരം കളിക്കില്ലെന്ന് പിസിബി അറിയിച്ചു. പിന്നീട് അനുനയിപ്പിച്ച് മത്സരത്തിന് ഇറക്കുകയായിരുന്നു.

ബഹിഷ്‌കരണ ഭീഷണി മുഴക്കിയതിന് പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങുകയാണ് ഐസിസി. ടൂര്‍ണമെന്റിലെ പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാര്യത്തില്‍ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത പാക് ക്രിക്കറ്റ് ബോര്‍ഡിനോട് വിശദീകരണം തേടി ഇ മെയില്‍ അയച്ചു.

യുഎഇക്കെതിരായ മത്സര ദിവസം, പാക് ടീം കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് ഐസിസി അന്വേഷണം നടത്തുന്നത്. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പാക് മീഡിയ മാനേജര്‍ ഇത് ചിത്രീകരിക്കുകയും പൈക്രോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി ഈ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

Leave a Reply