കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കണമെന്ന് ഇത്തിഹാദ് എയർവേയ്‌സ്. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി കരാർ കാലോചിതമായി പരിഷ്‌കരിച്ച് കൂടുതൽ സർവീസ് തുടങ്ങാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യം.
മറ്റു രാജ്യങ്ങളിൽനിന്നും വിഭിന്നമായി യുഎഇയിലെ വിവിധ എമിറേറ്റുകളുമായാണ് ഇന്ത്യൻ വ്യോമയാന വകുപ്പ് എയർ സർവീസ് കരാർ ഒപ്പുവച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് യാത്രാ സൗകര്യമൊരുക്കാൻ നിലവിലെ കരാർ അനുവദിക്കുന്നില്ലെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ അന്റോനോൾഡോ നെവ്‌സ് പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾക്ക് യോജ്യമായ സമയമാണിതെന്നും കരാർ പുതുക്കിയാൽ വരും വർഷങ്ങളിൽ കൂടുതൽ വിമാന സർവീസ് ആരംഭിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഇൻഡിഗോ, ആകാശ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാന കമ്പനികൾ അബുദാബിയിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. കരാർ കാലോചിതമായി പരിഷ്‌കരിച്ചില്ലെങ്കിൽ നിരക്ക് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 88 ശതമാനമാണ് ഇത്തിഹാദിന്റെ ലോഡ് ഫാക്ടർ.

