അർജൻറീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവിന് ഔദ്യോഗിക സ്ഥിരീകരണം. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുക. മെസി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ് എന്ന് മെസ്സി പറഞ്ഞു . മികച്ച ആരാധകരാണ് അവിടെയുള്ളത്.വീണ്ടും ഇന്ത്യയിൽ എത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നെന്നും മെസി അറിയിച്ചു. ഡിസംബർ 12ന് കൊൽക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.ഡൽഹിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
മെസിയുടെ കൂടെ ഇന്റർ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോൾ, ലൂയി സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്‌സ് എന്നിവരുമുണ്ടായേക്കാമെങ്കിലും ഇക്കാര്യത്തിൽ ഇപ്പോൾ ഉറപ്പുപറയാനാവില്ലെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു. ഈ വർഷം ഫെബ്രുവരി 28നാണ് മെസിയുടെ വസതിയിലെത്തി പിതാവ് ജോർജെ മെസിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കിടെ മെസിയുമായും സംസാരിച്ചിരുന്നുവെന്നും ദത്ത പറഞ്ഞു.
ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, അർജന്റീന ടീമിലെ മെസിയുടെ സഹതാരവും ഗോൾ കീപ്പറുമായ എമിലിയാനോ മാർട്ടിനെസ് എന്നിവരെ മുമ്പ് കൊൽക്കത്തയിൽ കൊണ്ടുവന്നത് സതാദ്രു ദത്തയാണ്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ടലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്റീന കുപ്പായത്തിൽ സൗഹൃദമത്സരത്തിലും മെസി കളിച്ചിരുന്നു. അർജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്

