ലാറ്റിൻ സംഗീതത്തിന്റെ രാജ്ഞിയെന്ന് വിളിക്കപ്പെടുന്ന കൊളംബിയൻ ഗായിക ഷകീറയെ അറിയാത്തവർ ചുരുക്കമായിരിക്കും. 2010ൽ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്കാ… വക്കാ… ആലപിച്ചുകൊണ്ട് ലോകമെങ്ങുമുള്ള ആരാധകരുടെ മനസ്സ് കീഴടക്കിയ ഈ ഇതിഹാസ ഗായിക, നൂറ്റാണ്ടിലെ ഏറ്റവും മികച്ച മറ്റൊരു ഫിഫ ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തറിന്റെ മണ്ണിലേക്കെത്തുന്നു. ഏപ്രിൽ ഒന്നിന് 974 സ്റ്റേഡിയത്തിലാണ് ഷകീറയുടെ സംഗീതപരിപാടി ഒരുക്കിയിരിക്കുന്നത്.
ലാസ് മുഹെറസ് യ നോ യോറൻ എന്ന ഏറ്റവും ഒടുവിലായി ഇറങ്ങിയ ആൽബത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായാണ് ഷകീറ ഖത്തറിലേക്ക് എത്തുന്നത്. വിസിറ്റ് ഖത്തറിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷകീറയുടെ 12ാമത്തെ സ്റ്റുഡിയോ ആൽബമാണ് ലാസ് മുഹെറസ് യ നോ യോറൻ. സ്ത്രീകൾ ഇനി കരയരുത് എന്നാണ് ഈ സ്പാനിഷ് വരിയുടെ അർത്ഥം. ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഷകീറ ഒരു സംഗീത ആൽബം 2024ൽ പുറത്തിറക്കിയത്. ഇതിന് മികച്ച ലാറ്റിൻ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരവും ലഭിച്ചിരുന്നു.
അന്താരാഷ്ട്ര പോപ്പ് സംഗീതത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ലാസ് മുഹെറസ് യ നോ യോറൻ. സ്പാനിഷ് ഫുട്ബാളർ ജെറാഡ് പിക്വെയുമായുള്ള ദാമ്പത്തിക ബന്ധം വേർപെടുത്തിയതിന് ശേഷം ഷകീറ ചെയ്ത ആദ്യ ആൽബം കൂടിയാണിത്.
വേദനയെ കരുത്തായും അതിജീവനത്തിനുള്ള ഊർജ്ജമായും മാറ്റുക എന്ന പ്രമേയത്തിലാണ് ഈ ആൽബം അവർ ചെയ്തത്. വേൾഡ്ടൂറിന്റെ ഭാഗമായി ഖത്തറിലെത്തുന്ന ഷകീറയുടെ സംഗീതനിശ ഒരു മ്യൂസിക് നൈറ്റിന് അപ്പുറം ജീവിതത്തിൽ വെല്ലുവിളികൾ അനുഭവിക്കുന്നവർക്ക് മൂന്നേറാനുള്ള പ്രചോദനം കൂടിയാകുമെന്ന് തീർച്ച.

