കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ കറകളഞ്ഞ നേതാക്കളിൽ അവസാനത്തെയാൾ.ഇടതുപക്ഷ പ്രസ്ഥാനത്തെ തിരുത്തലിലൂടെ മുന്നോട്ട് നയിച്ച നായകനെയാണ് നമുക്ക് നഷ്ടമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു
എന്റെ ബാല്യം മുതൽ കേട്ടുതുടങ്ങിയ പേരാണത്. ഞാൻ കെഎസ്യു പ്രവർത്തകനായി ചെന്നിത്തലയിൽ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുൻപേ അദ്ദേഹം പുന്നപ്ര- വയലാർ സമരനായകനെന്ന നിലയിൽ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.
ഞാൻ പാർലമെന്ററംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാൻ കൂടുതൽ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് ഞങ്ങൾ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയിൽ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയിൽ ഞങ്ങൾ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവർത്തന നഭസിൽ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരളരാഷ്ട്രീയത്തിൽ ആ വേർപാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കുമെന്നും അദേഹം പറഞ്ഞു.

