Headlines

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതൽ; ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകീട്ട് 3.30 മുതലാണ് മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് ഇന്നറിയാം. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ട്.എട്ടുതവണ കളിച്ചതിൽ ഒരു തവണ പോലും ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം. അതിനാൽ തന്നെ വിജയിച്ചാൽ ഗില്ലിനും സംഘത്തിനും ചരിത്രനേട്ടമാണ്. ആദ്യ ടെസ്റ്റിൽ അഞ്ചുപേർ സെഞ്ച്വറി നേടിയിട്ടും ഇന്ത്യൻ ടീം തോൽവിയടയുകയായിരുന്നു. ബുംറയെ മാത്രം ആശ്രയിക്കുന്ന ബോളിങ് നിരയും, ബാറ്റിങ്ങിൽ ദുർബലമായ മധ്യനിരയുമാണ് ഇന്ത്യയ്ക്ക് വെല്ലുവിളി.

ബർമിങ്ങാമിൽ എത്തിയശേഷം ബുംറ ആദ്യ രണ്ടുദിവസങ്ങളിലും പരിശീലനം നടത്തിയിരുന്നില്ല. കഴിഞ്ഞദിവസം അരമണിക്കൂറോളം നെറ്റ്സിൽ പന്തെറിഞ്ഞു. രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കുമോയെന്നതിൽ ഇന്നു തീരുമാനമെടുക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യ രണ്ടു സ്പിന്നർമാരെ ഇറക്കിയേക്കും. രവീന്ദ്ര ജഡേജയ്ക്കൊപ്പം, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരിലൊരാളെ ഇറക്കിയേക്കുമെന്നാണ് സൂചന.

ശാർദൂൽ ഠാക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡിയേയും, പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിങ്ങിനേയും ഇന്ത്യ അന്തിമ ഇലവനിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. മറുവശത്ത് ആദ്യ ടെസ്റ്റിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം. ആദ്യ ടെസ്റ്റ് വിജയിച്ച ടീമിനെ അതേപടി ഇംഗ്ലണ്ട് നിലനിർത്തിയിട്ടുണ്ട്. ബർമിങ്ങാമിൽ ടെസ്റ്റിന്റെ അവസാന രണ്ടു ദിവസം മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്.

Leave a Reply