ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ പേസർ ഹർഷിത് റാണയെ ടീമിൽനിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബുധനാഴ്ച ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഹർഷിത് ടീമിനൊപ്പം ചേരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഹർഷിതിനെ ടീമിൽനിന്ന് ഒഴിവാക്കുമെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സൂചന നൽകി ഒരു ദിവസത്തിന് ശേഷമാണ് നടപടി. ഹർഷിതിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നായിരുന്നു ഗംഭീർ പ്രതികരിച്ചത്.
ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആദ്യം ഹർഷിത് റാണയുടെ പേരുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് രണ്ടുദിവസംമുൻപ് അപ്രതീക്ഷിതമായാണ് ഹർഷിത് ടീം സ്‌ക്വാഡിൽ ഉൾപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുൻപുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു ഹർഷിത്. ഇംഗ്ലണ്ട് ലയൺസിനെതിരേ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അദ്ദേഹത്തോട് പിന്നീട് ടീമിൽ ഒരു ബാക്കപ്പ് പേസറായി തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
ഓസ്ട്രേലിയയിൽ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് റാണ അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്സിൽ മൂന്നുവിക്കറ്റുവീഴ്ത്തി മികച്ച പ്രകടനം നടത്തി. പക്ഷേ, രണ്ടാം ഇന്നിങ്സിലും തൊട്ടടുത്ത ടെസ്റ്റിലും നിറംമങ്ങിയതോടെ ടീമിൽ നിലനിൽക്കാനായില്ല. ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീതം ബുംറയൊഴികെ മറ്റു ഇന്ത്യൻ ബൗളർമാർക്കൊന്നും ആദ്യടെസ്റ്റിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. ടെസ്റ്റിന്റെ അവസാനദിവസം ആതിഥേയർ 371 റൺസ് വിജയലക്ഷ്യം മറികടന്ന് ആധികാരികമായി ജയിക്കുകയായിരുന്നു.

