ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ പരാമർശം. തനിക്കെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. അത്തരമൊരു പരാതി വന്നാൽ നിയമപരമായി നേരിടും. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്.
ഓഡിയോ സന്ദേശം വ്യാജമായി നിർമിക്കുമെന്നാണ് കരുതുന്നത്. ഹണി ഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും രാഹുൽ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി.

