മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ്(114) വാഹനമിടിച്ച് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വാഹനമോടിച്ചിരുന്ന ജലന്ധറിലെ കർത്താപുർ സ്വദേശിയായ അമൃത്പാൽ സിങ്ങ് ധില്ലനാണ് അറസ്റ്റിലായത്. ഫൗജ സിങ്ങിനെ ഇടിച്ച പഞ്ചാബ് റജിസ്ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നമ്പർ പ്ലേറ്റ് പരിശോധിച്ചതിൽനിന്ന് കപൂർത്തല സ്വദേശിയായ വരീന്ദർ സിങ്ങിന്റേതാണ് കാറെന്ന് പൊലീസ് മനസിലാക്കി. ചോദ്യം ചെയ്യലിൽ അമൃത്പാൽ സിങ്ങിന് തന്റെ കാർ വിറ്റെന്ന് വരീന്ദർ പറഞ്ഞു. കർത്താപൂർ സ്വദേശിയായ അമൃത്പാൽ കാനഡയിലാണ് താമസം. ഒരാഴ്ച മുൻപാണ് ഇന്ത്യയിലെത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും ഇടിച്ചത് ഫൗജ സിങ്ങിനെയാണെന്ന് അറിയില്ലായിരുന്നെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.
അപകടം നടത്തിന് പിന്നാലെ പിടിക്കപ്പെടാതിരിക്കാനായി ജലന്ധർ നഗരം ഒഴിവാക്കി വിവിധ ഗ്രാമങ്ങളിലൂടെ തന്റെ സ്വദേശമായ കർതാർപുരിൽ അമൃത്പാൽ എത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ ഓടിച്ച വാഹനം ഒരാളെ ഇടിച്ചതായി സമ്മതിച്ച അമൃത്പാൽ അത് ഫൗജ സിങ് ആണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് അമൃത്പാലിനെ പൊലീസ് പിടികൂടിയത്. നാളെ കോടതിയിൽ ഹാജരാക്കുന്ന ഇയാളെ റിമാൻഡിൽ വിടാനാണ് സാധ്യത. അപകടം നടന്നതിനുശേഷം ഇടിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നു.

