Headlines

‘ആടുജീവിതം’ ദേശീയ പുരസ്‌കാരങ്ങളിൽ തഴയപ്പെട്ടതിനെക്കുറിച്ച് ഉർവശി

ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിൽ സിനിമാ മേഖലയിൽ നിന്ന് ഉയർന്നുകേട്ട അപൂർവ്വം വിമർശനസ്വരങ്ങളിലൊന്ന് ഉർവശിയുടേത് ആയിരുന്നു. ഇത്തവണത്തെ അവാർഡ് ജേതാവ് കൂടിയാണ് എന്നത് ഉർവശിയുടെ വിമർശനത്തെ പിന്നെയും വേറിട്ടതാക്കുന്നു. തനിക്കും വിജയരാഘവനും മികച്ച സഹ അഭിനേതാക്കൾക്കുള്ള പുരസ്‌കാരം നൽകിയതിന് ഉർവശി ചോദ്യം ചെയ്തിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ ഒരു സപ്പോർട്ടിംഗ് ക്യാരക്റ്റർ ആയി കരുതാനാവും എന്നതായിരുന്നു ഉർവശിയുടെ വിമർശനത്തിൻറെ കാതൽ. അതുപോലെ പൂക്കാലത്തിൽ വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രവും. ഇപ്പോഴിതാ അവാർഡിന് പരിഗണിച്ച വർഷം മലയാളത്തിൽ നിന്നുള്ള മികച്ച എൻട്രി ആയിരുന്ന ആടുജീവിതത്തെ ദേശീയ പുരസ്‌കാരങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി നിർത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ഉർവശി. ദി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പറയുന്നത്.

‘ആടുജീവിതത്തെ അവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിഞ്ഞത്? നജീബിൻറെ ജീവിതവും കടന്നുപോയ ദുരിതവും അവതരിപ്പിക്കാനായി തൻറെ സമയവും പ്രയത്‌നവും നൽകി ഒരു ശാരീരിക മാറ്റത്തിലൂടെ കടന്നുപോയ ഒരു നടനുണ്ട്. അവാർഡ് ലഭിക്കാതെ പോയതിന് കാരണം എമ്പുരാൻ സിനിമയാണെന്ന് നമുക്കെല്ലാം അറിയാം. അവാർഡുകൾ രാഷ്ട്രീയവത്കരിക്കാനാവില്ല”, ഉർവശി പറഞ്ഞു.

”പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർക്കാണ് സഹനടനോ നടിക്കോ ഉള്ള അവാർഡ് കൊടുക്കുന്നതങ്കിൽ ശരിക്കുമുള്ള സഹതാരങ്ങൾക്ക് എന്ത് സംഭവിക്കും? തങ്ങളുടെ കല പുതുക്കുന്നതിന് അവർക്കുള്ള പ്രചോദനം എവിടെനിന്നാണ്? കഥാപാത്രം പ്രധാനപ്പെട്ടതാണോ അതോ സപ്പോർട്ടിംഗ് റോൾ ആണോ എന്ന് അവർ എങ്ങനെയാണ് അളക്കുക?”, ഉർവശി ചോദിക്കുന്നു.

മുൻപ് അച്ചുവിൻറെ അമ്മയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡിന് താൻ തെരഞ്ഞെടുക്കപ്പെട്ടപ്പോഴത്തെ അനുഭവം ഉർവശി നേരത്തെ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചിരുന്നു- ”അച്ചുവിൻറെ അമ്മയുടെ സമയത്ത് ജൂറിയിൽ ഉണ്ടായിരുന്ന നടി സരോജാ ദേവി മികച്ച നടിക്കുള്ള അവാർഡിനായി എനിക്കുവേണ്ടി വാദിച്ചതാണ്. അത് സഹ കഥാപാത്രം അല്ലെന്നും അച്ചുവിൻറെ അമ്മ എന്ന ടൈറ്റിൽ കഥാപാത്രമാണെന്നുമൊക്കെ വാദിച്ചതാണ്. പക്ഷേ അവരുടെ അഭിപ്രായം മേൽക്കൈ നേടിയില്ല. അന്ന് മികച്ച സഹനടിക്കുള്ള അവാർഡ് വാങ്ങാൻ പോയപ്പോൾ തൻറെ മുറിയിലേക്ക് വിളിപ്പിച്ച് അവർ ഇക്കാര്യം എന്നോട് നേരിട്ട് പറഞ്ഞിരുന്നു. നമുക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടായാലും അവിടുത്തെ ലോബി തന്നെ വിജയിക്കും എന്ന അവസ്ഥയാണ്”, ഉർവശി പറഞ്ഞിരുന്നു.

Leave a Reply