ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ജൂൺ 22 നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. പുതിയ തീയതി പ്രഖ്യാപിക്കാതെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമായ ആക്‌സിയം-4 നീട്ടിവച്ചുകൊണ്ടുള്ള നാസയുടെ അറിയിപ്പ്.
‘ആക്സിയം മിഷൻ 4 നുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണ സാധ്യതകൾ പരിശോധിച്ച് വരികയാണ്. ജൂൺ 22 ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കും.’ എന്നാണ് നാസയുടെ അറിയിപ്പ്. അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാൻ നിലയം തയ്യാറാണെന്ന് ഉറപ്പാക്കാൻ നാസ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കാൻ സമയം ആവശ്യമാണെന്നും നാസ പത്രക്കുറിപ്പിൽ അറിയിച്ചു.
ആക്‌സിയം സ്പേസ്, സ്പേസ് എക്സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം 4. നാസയിലെ മുൻ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഐഎസ്ആർഒ പ്രതിവിധിയായി ഇന്ത്യക്കാരൻ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്എ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) പ്രോജക്റ്റ് ബഹിരാകാശയാത്രികൻ സ്ലാവോസ് ഉസ്നാൻസ്‌കി-വിസ്നിവ്സ്‌കിയും ഹംഗറിയിലെ ടിബോർ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേർ.
ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്ന് പേടകം വിക്ഷേപിക്കാനാണ് തീരുമാനം. ഫാൽക്കൺ 9 ലെ സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകമാണ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്നത്.

