വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി.
ജൂൺ 19നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇപ്പോൾ അത് ജൂൺ 22ലേക്ക് മാറ്റിയതായാണ് ഔദ്യോഗിക അറിയിപ്പ്. ഇത് അഞ്ചാം തവണയാണ് വിക്ഷേപണം മാറ്റുന്നത്. കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് നിരന്തരം യാത്രയ്ക്ക് തടസമാകുന്നത്.
നാസ, ഇസ്രോ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. ദൗത്യനിർവഹണത്തിനു കരാർ ലഭിച്ചത് അമേരിക്കൻ കമ്പനിയായ ആക്സിയമിനാണ്. കമ്പനിയുടെ നാലാമത്തെ ദൗത്യമാണ് ആക്സിയം 4.
സഹായത്തിനായി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമുണ്ട്. ഇവർ നൽകുന്ന ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക.ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്‌സൺ, പോളണ്ടിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബർ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങൾ. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച പെഗി വിറ്റ്‌സണാകും മിഷൻ കമാൻഡർ. മൈക്രോഗ്രാവിറ്റിയിൽ 60ലേറെ വൈജ്ഞാനിക പരീക്ഷണങ്ങൾ നടത്തുകയാണ് ദൗത്യസംഘത്തിന്റെ പ്രധാന ലക്ഷ്യം.

