ആക്സിയം 4 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികർ ഉൾപ്പെട്ട ഡ്രാഗൺ പേടകം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ബന്ധിക്കും. നിലയത്തിലെത്താൻ കാത്തിരിക്കുന്നുവെന്ന് ശുഭാംശു ശുക്ല പ്രതികരിച്ചു.
നമസ്‌ക്കാർ എന്നു പറഞ്ഞായിരുന്നു നാല് യാത്രികർക്കൊപ്പം ശുഭാംശുവിന്റെ വാക്കുകൾ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂർത്തമെന്നും ശുഭാംശു പറഞ്ഞു. ഭാരമില്ലായ്മ അനുഭവിക്കുന്നത് അതിമനോഹരമാണെന്നും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ താൻ ഓരോന്നും നോക്കി കാണുകയാണെന്നും, എല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ശുഭാംശു പറഞ്ഞു. ഒപ്പം കൂട്ടിയ ജോയ് എന്ന കളിപ്പാട്ടവും ശുഭാംശു ഉയർത്തികാട്ടി.
യാത്രയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും ശുഭാംശു പറഞ്ഞു. ഇന്നലെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ഫാൽക്കൺ 9ന്റെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഘം 14 ദിവസം തുടരും. 60 പരീക്ഷണങ്ങൾ സംഘം നടത്തും. അമേരിക്ക, പോളണ്ട്,ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്കൊപ്പമാണ് ശുഭാംശുവിന്റെ യാത്ര.

