Headlines

ആകാശദുരന്തം; മരണം 265 ആയി, ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സർദാർ വല്ലഭായി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി.

വിദ്യാർഥികളിൽ പലരെയും കാണാതായിട്ടുണ്ട്. 11 പേർ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ യുകെയിൽ നഴ്‌സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുമുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയർന്നത്. പറന്നുയർന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയർന്ന ഉടൻ പൈലറ്റുമാർ അപകട സന്ദേശം അയച്ചു. എന്നാൽ പിന്നീട് സിഗ്നൽ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തിൽ എത്തിയശേഷം തുടർന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗർ ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ മെസിനു മുകളിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിൽ നിന്ന് തീ ഉയർന്നു. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തിൽ കുടുങ്ങി. മുൻഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തിൽ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി.

Leave a Reply