അൽ ബർഷ സൗത്ത് 2ലെ താമസക്കാർക്ക് ഇനി പ്രാർഥനാ നിർഭരമായ നിമിഷങ്ങൾക്കായി ‘സംസം’ പള്ളി കൂട്ട്. അബ്ദുൽ വാഹിദ് അൽ റുസ്തമാനി ഗ്രൂപ്പും അദ്ദേഹത്തിന്റെ പേരക്കുട്ടികളും നൽകിയ ഉദാരമായ സംഭാവനയിലൂടെ നിർമിച്ച പള്ളി ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് (IACAD) ഉദ്ഘാടനം ചെയ്തത്. ഇസ്‌ലാമിക വാസ്തുവിദ്യയുടെ പ്രൗഢിയും ആധുനിക ശൈലിയും ഒത്തുചേരുന്ന മനോഹരമായ നിർമാണമാണ് പള്ളിയുടേത്.ഒരേസമയം 850 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള പള്ളിയിൽ സ്ത്രീകൾക്കായി പ്രത്യേക പ്രാർഥനാ മുറിയും ഒരുക്കിയിട്ടുണ്ട്. ഇതിൽ 700 പുരുഷന്മാർക്കും 150 സ്ത്രീകൾക്കുമാണ് ഒരേസമയം സൗകര്യപ്പെടുക. പ്രധാന ഹാൾ, ആകർഷകമായ മിനാരങ്ങൾ, വരാന്ത എന്നിവയ്ക്ക് പുറമെ ഇമാം, മുഅദ്ദിൻ എന്നിവർക്കായി പ്രത്യേക താമസസൗകര്യവും പള്ളി സമുച്ചയത്തിലുണ്ട്. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും തടസ്സങ്ങളില്ലാതെ പള്ളിയിൽ പ്രവേശിക്കാൻ റാംപുകൾ ഉൾപ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ദുബായുടെ പരിസ്ഥിതി നയങ്ങൾക്ക് അനുസൃതമായി ഊർജ ഉപയോഗം കുറയ്ക്കുന്ന എൽഇഡി ലൈറ്റുകളും അത്യാധുനിക സൗണ്ട്-എസി സംവിധാനങ്ങളുമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യമുള്ള പള്ളി അൽ ബർഷയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് വലിയ അനുഗ്രഹമാകും.

