Headlines

അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേടെന്ന് എം. സ്വരാജ്

പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. അൻവർ മത്സരിക്കട്ടെ, ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം.സ്വരാജ് പറഞ്ഞു.

എന്നാൽ പിവി അൻവറിനെ അർദ്ധരാത്രിയിൽ പോയി കണ്ടതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനം എടുക്കരുതെന്നും അൻവറിനോട് ആവശ്യപ്പെട്ടുവെന്ന് രാഹുൽ പറഞ്ഞു. പിണറായിസത്തിൻറെ തിക്തഫലം അനുഭവിച്ച ഒരാൾ ആ ട്രാക്കിൽ നിന്ന് മാറരുതെന്ന് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അനുമതിയോടെയല്ല അൻവറിനെ കണ്ടതെന്നും അനുനയ ചർച്ചയല്ല നടത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അൻവറിൻറെ ഉപാധികളെക്കുറിച്ചോ ചർച്ച ചെയ്തില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം നിലമ്പൂരിൽ പിവി അൻവർ മത്സരിക്കും. നാളെ അൻവർ നാമനിർദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു.

Leave a Reply