ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 110 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരുടെ 30 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 244 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാ സേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. നിർമാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം വീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സിലെ പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഉടൻ തന്നെ അഹമ്മദാബാദിലെത്തും.

